image

ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്ത 18 മാസത്തിനുള്ളിലാണ് പുതിയ മോഡൽ അവതരിപ്പിക്കുക.
പ്രീമിയം 300 സിസി മുതൽ 500 സിസി വിഭാഗത്തിൽ പുതിയ മോട്ടോർസൈക്കിൾ സ്ഥാപിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതുവഴി റോയൽ എൻഫീൽഡിന്റെ വിപണി പിടിച്ചെടുക്കാനും ഹോണ്ട തയ്യാറെടുക്കുകയാണ്.

പ്രധാന നഗരങ്ങളിലായി 22 ബിഗ് വിംഗ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ 100 ഔട്ട്‌ലെറ്റുകളുടെ ഒരു സ്വതന്ത്ര ശൃംഖല കമ്പനി ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രീമിയം ബൈക്ക് വിഭാഗത്തിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 15 അംഗ ടീമിനെയും കമ്പനി രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ പ്രതിവർഷം എട്ട് ലക്ഷം യൂണിറ്റ് വിൽപ്പന തുടരുന്ന മിഡ് സെഗ്മെന്റ് 300 സിസി മുതൽ 500 സിസി ശ്രേണിയിലേക്ക് പ്രവേശിക്കാൻ രാജ്യത്തെ പ്രമുഖരായ ഹോണ്ട ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. വിപണി ഓഹരിയുടെ 85% സ്വന്തമാക്കിയ റോയൽ എൻഫീൽഡാണ് നിലവിലെ മിഡ് ശ്രേണിയിലെ മുൻ നിരക്കാർ.

മറ്റ് നിർമ്മാതാക്കൾ മുമ്പ് ഈ ശ്രേണിയിൽ റോയൽ എൻഫീൽഡിന്റെ വിപണിയിൽ പല മോഡലുകളും പരീക്ഷിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. അതിനാൽ വ്യത്യസ്തമായ സമീപനത്തിലൂടെ റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കുകയെന്നതാണ് ഹോണ്ടയുടെ ലക്ഷ്യം.

പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ വിജയം കാണുമോ എന്ന് കണ്ടുതന്നെ അറിയണം. ലക്ഷ്യം വിജയം കണ്ടാൽ എൻഫീൽഡിന് ഒരുതിരിച്ചടിയുണ്ടാകുമോ എന്നും കാത്തിരുന്ന കാണേണ്ടിയിരിക്കുന്നു.