Image result for image of electric tower

ന്യൂഡൽഹി: 15 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഡൽഹിയിൽ വൈദ്യുതി സൗജന്യമായി നൽകി ഡൽഹി സർക്കാർ. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം ഈടാക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിന്റെ പുറത്താണ് ഇത്രയധികം കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമായത്. ഏകദേശം 14.64 ലക്ഷം കുടുംബങ്ങൾക്ക് ഈ തീരുമാന പ്രകാരം സെപ്റ്റംബറിലെ വൈദ്യുത ബില്ല് അടക്കേണ്ടതില്ല. 
കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതി ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചത്. ആദ്യം സ്വന്തമായി വീടുള്ളവർക്കാണ് ഈ ആനുകൂല്യം നൽകിയിരുന്നതെങ്കിൽ പിന്നീട് വാടകയ്ക്ക് താമസിക്കുന്നവരെക്കൂടി സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഡൽഹിയിലെ ഗാർഹിക ഉപയോക്താക്കളിൽ 28 ശതമാനം വരുന്ന ആളുകൾക്കാണ് ഇത്തവണ വൈദ്യുതി ബിൽ അടയ്ക്കേണ്ടതില്ലാത്തത്. 
സൗത്ത്, വെസ്റ്റ് ഡൽഹി പ്രദേശങ്ങളിലുള്ളവരാണ് ഈ ആനുകൂല്യം കൂടുതൽ പ്രയോജനപ്പെടുത്തിയത്. വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികൾക്ക് ഉപയോക്താക്കളുടെ ബിൽ തുക സർക്കാർ നൽകും. ബിആർപിഎൽ, ബിവൈപിഎൽ, ടിപിഡിഡിഎൽ എന്നീ കമ്പനികളാണ് ഡൽഹിയിൽ വൈദ്യുതി വിതരണം നടത്തുന്നത്. 

നേരത്ത 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് മാസം 800 രൂപ നൽകേണ്ടതുണ്ടായിരുന്നു. ഈ തുക പൂർണമായും സർക്കാർ വഹിക്കും. കൂടാതെ 201 മുതൽ 400 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപയോക്താക്കളുടെ വാർഷിക ഉപയോഗം കണക്കാക്കി പരമാവധി 50 ശതമാനം വരെ ബിൽ തുകയിൽ സർക്കാർ സബ്സിഡി കൊടുക്കുകയും ചെയ്യും. പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് പ്രതിവർഷം 2500 കോടി രൂപ കണ്ടെത്തേണ്ടി വരും.