Image result for image of isha talwar

വിനോദിൻ്റെ ഐഷയായും കുട്ടൻ്റെ മീനാക്ഷിയായും വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ഇഷ തൽവാര്‍. മലയാളികളുടെ ഹൃദയത്തിലേക്കുള്ള മറ്റൊരു വഴി പഠിക്കുകയാണ് ഇപ്പോൾ നടി. ഏതൊരാളുടെയും ഹൃദയത്തിലേക്കുള്ള വഴി അയാളുടെ നാവിലൂടെയാണെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ നടിയിപ്പോൾ ആ വഴിയ്ക്കായി പരിശീലനം നേടുകയാണ്. അതെ മലയാളികളുടെ ഇഷ്ട പ്രഭാതഭക്ഷണമായ പുട്ട് ഉണ്ടാക്കാൻ പഠിക്കുകയാണ് ഇഷ തൽവാര്‍ ഇപ്പോൾ. ഒരു സുഹൃത്തിൻ്റെ സഹായത്തോടെയാണ് നടിയുടെ പഠനക്ലാസ്സുകൾ മുന്നേറുന്നത്. പുട്ടുണ്ടാക്കാൻ താൻ പഠിക്കുകയാണെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ താൻ പ്രാവീണ്യ ആകുമെന്നും ഇഷ പറയുന്നുണ്ട്.


പുട്ടുണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്നും കേരളത്തിൻ്റെ തനതായ ഭക്ഷണമാണ് പുട്ടെന്നും ഇഷ പറയുന്നു. നടി താൻ പുട്ടുണ്ടാക്കി പഠിക്കുന്നതിൻ്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഈ വീഡിയോയിലാണ് ഇഷ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. 

  തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് ഇഷ തൽവാര്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നടി അവതരിപ്പിച്ച ഐഷ എന്ന കഥാപാത്രത്തെ കേരളക്കര മുഴുവൻ ഏറ്റെടുത്തു. പ്രത്യേകിച്ച് യുവാക്കൾ. അതിന് ശേഷം ബാംഗ്ലൂര്‍ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷത്തിൽ ഇഷ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണം എന്ന പൃഥ്വിരാജ് ചിത്രത്തിലും ഇഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.